തിരുവനന്തപുരം: പട്ടിക ജാതി-വർഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അക്കാദമിക് അലവൻസുകളും മറ്റു ഗ്രാന്റുകളും രണ്ടു വർഷത്തിലധികമായി മുടങ്ങിയതിനെതിരെ ഇ-ഗ്രാന്റ് സംരക്ഷണ സമിതിയും ആദിശക്തി സമ്മർ സ്കൂളിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സെക്രട്ടറിയേറ്റ് പടിക്കലും രാജ്ഭവനിന് മുന്നിലുമായി നടന്നു.
രാവിലെ 11 മണി മുതൽ നടന്ന സത്യാഗ്രഹസമരത്തെ തുടർന്ന്, രണ്ടര മണിക്ക് രാജ്ഭവനിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ആദിവാസി-ദളിത് സംഘടന നേതാക്കളും സോഷ്യൽ ആക്ടിവിസ്റ്റുകളും പ്രതിഷേധ മാർച്ച് നടത്തി. സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന സത്യാഗ്രഹം. ഡോ: എൻ.വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇ-ഗ്രാന്റ് സംരക്ഷണ സമിതി കൺവീനർ എം.ഗീതാനന്ദൻ ആമുഖപ്രഭാഷണവും ഒ.പി രവീന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. ആദിശക്തി സമ്മർസ്കൂൾ ആക്ടിങ് പ്രസിഡന്റ് സി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.എസ് മുരളി, ഐ.ആർ സദാനന്ദൻ, മാഗ്ലിൻ ഫിലോമിന, എം. കെ ദാസൻ, (CPI-ML Red Star), സി. ജെ തങ്കച്ചൻ, ജ്യോതിഷ് കുമാർ (DSM), എമിൽ ബി.എഡ് (AIDSO) സി. ഐ ജോൺസൺ (MASS) ഗോപിക്കുട്ടൻ പത്തനാപുരം(DHRM), കെ. വാസുദേവൻ (SJPS), ഗോപാലകൃഷ്ണൻ ആലത്തൂർ, പി. കെ രാധ, (ഇന്ത്യ സെക്യൂലർ മൂവ്മെന്റ്), സുരേഷ് കക്കോട് (VGMS), ജനാർദ്ദനൻ പി.ജി, (ആദിവാസി ഗോത്ര മഹാസഭ), കല്ലു കല്ല്യാണി (ASURACT), ഗാർഗി (വനജ കലക്റ്റീവ്) ശ്രീജിത്ത് (ആദിശക്തി), വിൻസെന്റ് വി.എം (ഊര് കൂട്ടം അസോസിയേഷൻ), രാജീവൻ വയലാർ (ബഹുജൻ ദ്രാവിഡ പാർട്ടി), തുടങ്ങിയവർ സംസാരിച്ചു.
ദളിത്-ആദിവാസി സ്റ്റുഡന്റ്സ് തീയേറ്റർ മൂവ് മെന്റിന്റെ വിദ്യാർത്ഥികളും, ആദിശക്തി സമ്മർ സ്കൂൾ വിദ്യാർത്ഥികളും, വിവിധ സംഘടന നേതാക്കളും പങ്കെടുത്ത രാജ് ഭവൻ മാർച്ച് തുടർന്ന് മനവീയം വീഥിയിൽ ‘എങ്കള ഒച്ചെ’ എന്ന നാടകവും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ നിന്ന് രണ്ടേ മുപ്പതിന് കേരള ചേരമസംഘ നേതാവ് ഐ ആർ സദാനന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആദിവാസി-ദളിത് നേതാക്കളും പങ്കെടുത്തു. രാജ് ഭവനിലെത്തിയ മാർച്ച് പോലീസ് തടഞ്ഞുവെങ്കിലും വിവിധ സംഘടനനേതാക്കൾ ഒപ്പിട്ട നിവേദനം രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. തുടർന്ന് മനവീയം വീഥിയിൽ എത്തി ചേർന്നതിന് ശേഷം (ASURACT)ന്റെ നേതൃത്വത്തിൽ ‘എങ്കള ഒച്ചെ’ എന്ന നാടകവും, ആദി ശക്തി സമ്മർ സ്കൂളിന്റെയും ദളിത് സംഘനകളുടെയും നേതൃത്വത്തിൽ നടൻപാട്ടുകളുടെ അവതരണവും, സാംസ്‌കാരിക പരിപാടികളും നടന്നു.