കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള അധ്യാപകൻ നടത്തിയ ക്രൂരതയിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസിൽ കേസിൽ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി ഇന്നലെ കണ്ടെത്തിയത്. നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസിൽ നിർണായകമായത്.


























