കൊച്ചി: എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ എഐഎസ്എഫ് മുൻ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ആരോപണമുന്നയിച്ച എഐഎസ്എഫ് മുൻ നേതാക്കൾക്ക് മറുപടിയുമായി പി.എം ആർഷോക്കെതിരെ പരാതി നൽകിയ നിമിഷ രാജു.
അടുത്തിടെ സി.പി.ഐ.എം ൽ ചേർന്ന എഐഎസ്എഫ് മുൻ നേതാക്കളായ എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ആർഷോയെ ന്യായികരിച്ചും നിമിഷയെ വിമർശിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്ന് എ എ സഹദ് ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിന് മറുപടിയായി നിമിഷ രാജുവും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്. “തല്ലല്ലേ ചേട്ടാ” എന്ന് നിലവിളിക്കുന്ന സഹദിന്റെ കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് ഓടിച്ചെല്ലുന്നത്. സഹദിനെ കെട്ടിപ്പിടിച്ചാണ് ഗുണ്ടകൾക്കിടയിൽ നിന്ന് രക്ഷപെടുത്തി കൊണ്ടുവന്നതെന്നും. ഇന്നിപ്പോൾ എൻറെ സത്യം തെളിയിക്കാൻ എനിക്ക് ആ വീഡിയോയിൽ പതിഞ്ഞ ശബ്ദം മാത്രമാണ് ബാക്കിയുള്ളത്. ഞാൻ പറഞ്ഞ പരാതിയിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഞാൻ ഈ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. സത്യം പകൽപോലെ എ എല്ലാ മനുഷ്യരും കണ്ടതാണ്. ഞാൻ അനുഭവിക്കാത്ത ഒന്നും ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല. അനുഭവിച്ചതിൽ പാതി പോലും പറയാൻ ആകാതെ പോയ ഒരാൾ കൂടിയാണ് താനെന്നും നിമിഷ ഫേസ്ബുക്കിൽ കുറിച്ചു.
നിമിഷ രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചുവന്ന വൃത്തത്തിനകത്ത് മഞ്ഞ ഉടുപ്പിട്ട പെണ്ണ് ഒരു നീല കുപ്പായക്കാരനെ ചേർത്തു പിടിച്ചിട്ടുണ്ട്. അവൻ തിരിച്ചും ചേർത്തുപിടിച്ച് മുന്നോട്ട് നടക്കുന്നു.. പൊടുന്നനെ പുറകിൽ നിന്ന് ആരോ ചാടി ചവിട്ടുന്നു…
മഞ്ഞ ഉടുപ്പിട്ടിരിക്കുന്നതു ഞാനാണ്. നീല ഷർട്ട് ഇട്ടിരിക്കുന്നത് സഹദ്…
ചാടി ചവിട്ടിയവന്റെ പേര് ഷിയാസ്…
എംജി യൂണിവേഴ്സിറ്റി സെനറ്റ് ഇലക്ഷനു ശേഷം എ.ഐ.എസ്.എഫ് വിദ്യാർത്ഥികൾ സുരക്ഷിതമായി നിന്ന ഇടത്തേക്ക് ചില ഗുണ്ടകൾ കടന്നുവരുന്നു. കൂട്ടമായി നിന്ന എ.ഐ.എസ്.എഫ് കാർക്ക് ഇടയിൽ നിന്ന് സഹദ് മാത്രം മരച്ചുവട്ടിലേക്ക് മാറിനിന്ന് ഫോൺ ചെയ്യുന്നു. ഗുണ്ടകൾ സഹദിനെ ആക്രമിക്കുന്നു. ഒന്ന് പ്രതിരോധിക്കുകപോലും ചെയ്യാതെ “തല്ലല്ലേ ചേട്ടാ” എന്ന് നിലവിളിക്കുന്ന സഹദിന്റെ കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് ഓടിച്ചെല്ലുന്നത്. സഹദിനെ കെട്ടിപ്പിടിച്ചാണ് ഗുണ്ടകൾക്കിടയിൽ നിന്ന് ഇറക്കിക്കൊണ്ടുവന്നത് അതുകൊണ്ട് തന്നെ അവന് കിട്ടേണ്ടത് പകുത്ത് കിട്ടി.
സുരക്ഷിതമായ ഒരിടത്തുനിന്ന് ബഹളം കണ്ടു നിന്നവരുടെ കൂട്ടത്തിൽ നിന്നിരുന്നെങ്കിൽ ഈ പ്രശ്നത്തിൽ ഒന്നും ഞാൻ പെടില്ലായിരുന്നു പക്ഷേ എ എ.ഐ.എസ്.എഫ് എന്നെ പഠിപ്പിച്ചത് അനീതിക്കെതിരെ പ്രതികരിക്കാനും ആശ്രയം അറ്റ് നിൽക്കുന്നവരെ സഹായിക്കാനുമാണ്. അങ്ങനെ ചേർത്ത് പിടിച്ചതാണ് സഹദിനെ. അടികൊണ്ട സഹദിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ സുരക്ഷിതമായി പോലീസുകാരുടെ കയ്യിൽ കൊണ്ട് ചെന്ന് ഏൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന അഭിയെക്കൂടി ആ വണ്ടിയിൽ കേറ്റിവിട്ടു… അതുകൊണ്ടുതന്നെ പിന്നീട് അവിടെ എന്ത് സംഭവിച്ചു എന്ന് സഹദ് അറിഞ്ഞില്ല.
സഹദ് ഒന്നുമാത്രം മനസ്സിലാക്കിയാൽ മതി. അവിടെ ഞാൻ ഒഴികെ ഒരുപാട് ആൺകുട്ടികൾ ഉണ്ടായിരുന്നു. അവർ ആരും എന്തുകൊണ്ടാണ് നിന്നെ വന്ന് പിടിച്ചു മാറ്റാതിരുന്നത് ?
നിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഷോ കാണിക്കാൻ ‘ വരാതിരുന്നത്?
ഷോ കാണിക്കാൻ ഞാൻ എന്തിന് തല്ലു കൊള്ളണം? സംഘർഷത്തിൻ്റെ ദൃക്സാക്ഷി എന്ന നിലയിൽ ഡയലോഗ് അടിച്ചു ഷോ കാണിച്ചാൽ പോരായിരുന്നോ..?
അപ്പോ ൾ അതല്ല. അരുതാത്ത ഒരുത്തനെ അപകടത്തിനകത്ത് പോയി ചേർത്തുപിടിച്ചതിന് ഞാനിത് അനുഭവിക്കണം എന്ന് നീ ഇപ്പോൾ
ആളുകളെ കൊണ്ട് പറയിക്കുന്നു.
ഇനി ഒരാൾ ആക്രമിക്കപ്പെട്ടാൽ അവരെ രക്ഷിക്കാൻ ആരും അടുത്തേക്ക് ചെല്ലാൻ ധൈര്യം കാണിക്കരുത് എന്ന സന്ദേശം പകർന്നു നൽകുന്നു.
ഞാൻ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി ഷോ കാണിക്കക്കാനാണ് പരാതി കൊടുത്തതെന്ന് നീ ഇപ്പോൾ പറയുന്നു.
ഞാൻ എന്റെ പരാതിയിൽ ഉറച്ചു നിൽക്കുന്നു. ആക്ഷേപിക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും ഞാനാണ്. അത് പക്ഷേ എന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ആയിരുന്നില്ല. ഒപ്പമുള്ളവരെ തല്ലിച്ചതയ്ക്കുന്നത് കാണുമ്പോൾ സുരക്ഷിതമായ സ്ഥലത്തിരുന്നുകൊണ്ട് വീമ്പിളക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. അതല്ല എന്റെ സംഘടന എന്നെ പഠിപ്പിച്ചത്. എ.ഐ.എസ്.എഫിൽ പ്രവർത്തിക്കുന്നവർക്ക് ആശയത്തിലും നിലപാടിലും വിട്ടുവീഴ്ചയില്ല. അതുകൊണ്ടുതന്നെയാണ് അകാരണമായി നീ കമ്മിറ്റികളിൽ ആക്രമിച്ചിട്ടും ആക്ഷേപിച്ചിട്ടും നീ അപകടത്തിൽപ്പെട്ടപ്പോൾ ഓടി വന്നു ചേർത്തുപിടിച്ചത്.
കലാലയ രാഷ്ട്രീയത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ധീരജിനെപ്പോലെ, സിദ്ധാർത്ഥനെ പോലെ ഒരുവട്ടം ഒന്ന് ഇടപെടാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് ഇപ്പോഴും അവരെ കാണാമായിരുന്നു. ഈ ഭൂമിയിൽ അവർ ജീവിച്ചിരിക്കുമായിരുന്നു. അങ്ങനെ ജീവൻ പൊലിഞ്ഞവരിൽ ഒരാളായി ഒരു എ.ഐ.എസ്.എഫുകാരനും ഉണ്ടാകാൻ പാടില്ല. ഒരു വിദ്യാർത്ഥിയുടെയും ജീവൻ നഷ്ടപ്പെടാതെ ആരോഗ്യപരമായ സംവാദങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ആശയാധിഷ്ഠിതസമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പഠിപ്പിച്ച പ്രസ്ഥാനത്തിൻറെ ഭാഗമായി നിന്നതുകൊണ്ട് മാത്രം നിന്നെപ്പോലെ ഒരാളെ ചേർത്തുപിടിച്ചതാണ്. ഞാൻ ചേർത്തു പിടിച്ചത് വ്യക്തിയെ അല്ല എ.ഐ.എസ്.എഫ് എന്ന പ്രസ്ഥാനം തന്ന കൂടപ്പിറപ്പിനെയാണ്.
സഹദിനുശേഷം വീണ്ടും സഖാക്കൾ അവിടെ ആക്രമിക്കപ്പെട്ടു. ഓരോരുത്തരെയും തല്ല് പകുത്ത് വാങ്ങി തന്നെയാണ് പുറത്തുകൊണ്ടുവന്നത്.
ഇടയ്ക്ക് എപ്പോഴോ എന്നോട് ഒരു സഖാവ് ചോദിച്ചു, നിമിഷ എന്തിനാണ് ഇത്രമാത്രം ഒച്ച വച്ചത് എന്ന് …ശബ്ദം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ആയുധം. അങ്ങനെ വിളിക്കുന്നതിന്റെ കൂട്ടത്തിലാണ് എഐഎസ്എഫ് കാരായ ഞങ്ങളെ തല്ലിയവന്റെ പേരെടുത്ത് വിളിച്ചു സംസാരിച്ചത്.
ഇന്നിപ്പോൾ എൻറെ സത്യം തെളിയിക്കാൻ എനിക്ക് ആ വീഡിയോയിൽ പതിഞ്ഞ ശബ്ദം മാത്രമാണ് ബാക്കിയുള്ളത്. ഞാൻ പറഞ്ഞ പരാതിയിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഞാൻ ഈ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. സത്യം പകൽപോലെ എ എല്ലാ മനുഷ്യരും കണ്ടതാണ്. ഞാൻ അനുഭവിക്കാത്ത ഒന്നും ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല. അനുഭവിച്ചതിൽ പാതി പോലും പറയാൻ ആകാതെ പോയ ഒരാൾ കൂടിയാണ് ഞാൻ…
നിനക്ക് കിട്ടിയത് ലാഭം.. ഒപ്പം മേടിച്ചതിനുള്ള നന്ദി കാണിച്ചോളൂ.. അതിന് മാത്രമാണ് നിനക്ക് ഇനി പറ്റൂ.
ഒരു ഔദാര്യവും ഞാൻ ആരിൽ നിന്നും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു സിപിഐക്കാരിയായി ഇടതു ചേരിയിൽ എന്നും ഉണ്ടാകും.. ആശയം പകർന്നു തന്ന പ്രസ്ഥാനം ജീവിക്കാൻ പഠിപ്പിച്ച പ്രസ്ഥാനം അറിവ് സമ്പാദിക്കാൻ പഠിപ്പിച്ച പ്രസ്ഥാനം അത് മാത്രമാണ് ഈ പ്രസ്ഥാനത്തിൽ നിന്ന് ഞാൻ സ്വന്തമാക്കിയത്.
ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു വലതു ചേരിയെ ശാക്തീകരിക്കണമെന്ന് ഞാൻ കരുതുന്നില്ല. അത് മാത്രം ലക്ഷ്യം വെച്ച് സിപിഐ വിട്ട് പുറത്തുപോയവർ നടത്തുന്ന ജല്പനങ്ങളെ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് അവരുടെ തന്നെ പോസ്റ്റുകൾക്കിടയിൽ ബോധമുള്ള മനുഷ്യരുടെ കമന്റുകൾ വായിച്ചാൽ മനസ്സിലാവും.
തിരഞ്ഞെടുപ്പ് കഴിയട്ടെ. ബാക്കി പറയാനുള്ളത് അപ്പോൾ


























