കൊല്ലം: സി.പി.എം. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത് തുടങ്ങും. 30 വർഷങ്ങൾക്കുശേഷമാണ്, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഴത്തിൽ വേരോട്ടമുള്ള കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. പതിനഞ്ചാം പാർടി കോൺഗ്രസിനു മുന്നോടിയായി 1995 ഫെബ്രുവരി 25 മുതൽ 28 വരെയാണ് ഇതിനുമുമ്പ് കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്നത്.
സമ്മേളനത്തിന്റെ ഭാഗമായ കൊടിമര പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ യാത്രകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്ഥാപിക്കും.
രാവിലെ 10 മണിക്ക് സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം പൊളിറ്റ്ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 530 പ്രതിനിധികൾ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്.
കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികൾ’ എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും
സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. പാർടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കർമപദ്ധതികൾക്കൊപ്പം ‘നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന വികസനരേഖ പ്രതിനിധി സമ്മേളനത്തിൽ പ്രധാനചർച്ചയാകും.
