തിരുവനന്തപുരം: യൂട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു ഇത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദർശനം. യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മൽഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും യാത്രയിൽ മുരളീധരനൊപ്പമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ‘ട്രാവൽ വിത്ത് ജോ’ എന്ന അവരുടെ വ്ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പിന്റെ പ്രമോഷനുവേണ്ടി ക്ഷണിച്ചുവരുത്തിയ സംഭവത്തിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനടക്കം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വരുകയും പിന്നീട് വിഷയം ബിജെപി ദേശീയ വക്താവ് അടക്കം ഏറ്റെടുക്കുകയും സംസ്ഥാന സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇതിനിടയിലാണ് ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിൽ അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരനും കെ.സുരേന്ദ്രനും പങ്കെടുത്തിരുന്നെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ൽ ടൂറിസം വകുപ്പ് ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയ ജ്യോതി പിന്നീട് വിമാനമാർഗം കണ്ണൂരിലെത്തുകയും ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലെത്തി തെയ്യം കാണുകയും ചെയ്തിരുന്നു. മേയിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര നിലവിൽ ജയിലിലാണ്.
