പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് ഇന്ന്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്. മോക് പോളിങ് ആരംഭിച്ചുകഴിഞ്ഞു.
ഷാഫി പറമ്പിൽ വടകര എം.പിയായതിനെത്തുടർന്നുള്ള ഒഴിവ് നികത്താനുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി രാഹുൽ മാങ്കൂട്ടത്തിൽ, എൽ.ഡി.എഫിനായി പി.സരിൻ, എൻ.ഡി.എ സ്ഥാനാർഥിയായി സി.കൃഷ്ണ കുമാർ തുടങ്ങി പത്ത് സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. 184 ബൂത്തുകളിലായി ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിത്തി എഴുന്നൂറ്റി ആറ് വോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്തേണ്ടത്. പ്രചാരണത്തിൽ കണ്ട ആവേശം വോട്ടാക്കി മാറ്റിയാൽ 2021 ലെ 73.71 എന്ന പോളിങ് ശതമാനം മറികടക്കാനാവും. ത്രികോണ മൽസര പ്രതീതിയിൽ മൂന്ന് മുന്നണികൾക്കും ഒരുപോലെ സാധ്യത കൽപിക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.