ലോക ചെസ് ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക 2.5 മില്യൻ യുഎസ് ഡോളറാണ്. അതായത് ഏതാണ്ട് 16.80 കോടി രൂപ! ആകെയുള്ള 14 ഗെയിമുകളിൽ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് ലഭിക്കുക 1.69 കോടിയോളം രൂപയാണ്.
ഈ കണക്കു പ്രകാരം മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവർക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.
ഫലത്തിൽ ഗുകേഷിന് 1.35 മില്യൻ യുഎസ് ഡോളറാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽനിന്ന് സമ്മാനമായി ലഭിക്കുക. ഇത് ഏതാണ്ട് 11.45 കോടി രൂപയോളം വരും. അവസാന നിമിഷം വരുത്തിയ അപ്രതീക്ഷിത പിഴവിൽ കിരീടം കൈവിട്ട ചൈനീസ് താരത്തിനും ലഭിക്കും 1.15 മില്യൻ യുഎസ് ഡോളർ. അതായത് 9.75 കോടിയോളം ഇന്ത്യൻ രൂപ.
ചെസിനെ ഗൗരവത്തോടെ കാണുന്ന കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുക എന്നതാണ് യാഥാർഥ്യം