തിരുവനന്തപുരം | 11,ജൂൺ | 2026
സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി ‘പ്രിയദർശിനി’ എന്ന പേരിലാണ് തിങ്കളാഴ്ച മുതൽ നടപ്പാക്കുക. രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
കൂടുതൽ ബസുകൾ വാങ്ങിയും ഷെഡ്യൂളുകൾ കൂട്ടിയും പരസ്യവരുമാനം വർദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫാസ്റ്റ്പാസഞ്ചർ, ടൗൺ-ടു-ടൗൺ, സിറ്റിഫാസ്റ്റ് അടക്കം സർവീസുകളിലും തുടർന്ന് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് കണക്കുകൂട്ടൽ.
പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകിയിരുന്നു. സൗജന്യയാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.
സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതൽ 70കോടിവരെ ബാദ്ധ്യത സർക്കാരിനുണ്ടാവും. ശമ്പളം, പെൻഷൻ അടക്കം ചെലവുകൾക്ക് നിലവിൽ കെഎസ്ആർടിസിക്ക് 1500കോടി എല്ലാവർഷവും നൽകുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും സർക്കാർ നൽകും.
അതെ സമയം കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി കണ്സഷന് കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയില്‍ നിന്ന് 110 രൂപയായി വര്‍ധിപ്പിച്ചുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വസ്തുതാവിരുദ്ധവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.



























