വയനാട്: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതിയെന്ന് പ്രിയങ്ക ഗാന്ധി എംപി. രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ആഹ്വാനം നൽകിയ രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണമെന്നും അഴിമതിയിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘രാമക്ഷേത്ര സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. സംഭാവന നൽകാൻ ഉത്തരവിട്ട രാഷ്ട്രീയ നേതാക്കൾ സംഭവത്തിൽ ഉത്തരം പറയണം. അവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. വളരെ പാവപ്പെട്ടവരായ സ്ത്രീകൾ പോലും രാമക്ഷേത്രത്തിനായി സംഭാവന നൽകുകയുണ്ടായി. കൃത്യമായ അന്വേഷണം നടക്കണം.’ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
വിശ്വാസികളായ പലരും നൽകിയ സംഭാവനയാണ് മോഷ്ടിക്കപ്പെട്ടത്. സംഭാവന പിരിച്ചെങ്കിൽ തുടർന്നുണ്ടായ ക്രമക്കേടിലും ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട് മണ്ഡലം സന്ദർശിക്കുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
അതെ സമയം വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷൻ ചമ്പത് റായ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവൻസ്ഥാനം രാജിവെച്ചു. ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.



























