ന്യൂഡൽഹി | 27, ജൂലൈ | 2026
പട്ടികജാതി (എസ്.സി), പട്ടികവർഗ (എസ്.ടി) വിഭാഗങ്ങളുടെ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാരിനും ബിജെപി-ആർഎസ്എസ് എന്നിവർക്കുമെതിരെ രൂക്ഷ വിമർശനവുമായി എംപിയും ആസാദ് സമാജ് പാർട്ടി (കാൻഷിറാം) ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് രംഗത്തെത്തി.
സംവരണത്തിൽ മാറ്റം വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ബിജെപിക്കും ആർഎസ്എസിനും കൈകാര്യം ചെയ്യാനാകാത്ത ഒരു “ഭൂകമ്പത്തിന്” വഴിവെക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു. അനുയായികൾ ഇതിനെ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടമായി വാഴ്ത്തുമ്പോൾ, വിമർശകർ ഇതിനെ ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗമെന്ന് ആക്ഷേപിക്കുന്നു.
അതെ സമയം കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാതിസംവരണത്തിനെതിരെ ഓൺലൈൻ കൂട്ടായ്മ. ‘സംവരണം ഇല്ലാതാക്കാനുള്ള സമരം’ (റിസർവേഷൻ ഹഠാവോ ആന്തോളൻ-ആർഎച്ച്എ) എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച അക്കൗണ്ട് ഇതിനകം 56 ലക്ഷം പേരാണ് ഫോളോ ചെയ്തത്.
ഇതോടെ ഇന്ത്യയിലെ സംവരണം, ജാതി രാഷ്ട്രീയം, സംവരണാനുകൂല നടപടികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.



























