മലപ്പുറം: മലയാളസര്‍വ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാര്‍ത്ഥിനി. അധ്യാപകനായ ഡോ. അരുണ്‍ ബാബുവില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് പരിസ്ഥിതി പഠന വിഭാഗം വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് രംഗത്തെത്തിയത്. 2024ല്‍ പ്രവേശനം ലഭിച്ച സമയത്ത് ഡയറക്ടറായിരുന്ന അധ്യാപകന്‍ ഡോ. അരുണ്‍ ബാബു പരസ്യമായി ജാതി അധിഷേപം നടത്തിയെന്ന് വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കല്‍, ലാബിലെ വസ്തുക്കള്‍ അടുക്കിവെയ്ക്കല്‍ എന്നിവയെല്ലാം ചെയ്യിപ്പിച്ചു. ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും തന്നിട്ടില്ല. രണ്ടുവര്‍ഷമായതോടെ നിരവധി പരാതികള്‍ നല്‍കി. പലതവണ മഴയത്ത് നിന്നിട്ടുണ്ട്. ഇവിടെ പിഎച്ച്ഡി ചെയ്യണമെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കണമെന്നായിരുന്നു പക്ഷം. ജാതികാരണമാണ് ഫെല്ലോഷിപ്പ് കിട്ടിയത്. അല്ലാതെ കഴിവ് കൊണ്ടല്ല എന്നും പറയുമായിരുന്നു’, വിദ്യാര്‍ത്ഥിനി ആരോപിച്ചു.
രണ്ട് വര്‍ഷമായിട്ടും ഗവേഷണ രൂപരേഖ നല്‍കിയില്ലെന്നു പറഞ്ഞ് ഡോക്ടറല്‍ കമ്മിറ്റി നടത്തിയില്ലെന്നും വിദ്യാര്‍ഥിനി പറയുന്നു.ഇരിക്കാന്‍ കസേര പോലും തന്നില്ല, മറ്റൊരു അധ്യാപികയും ഇത്തരത്തില്‍ പെരുമാറി. ഇതോടെ തനിക്ക് വിഷാദരോഗം പിടിപെട്ടുവെന്നും രണ്ടു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വൈസ് ചാന്‍സലര്‍ക്കും റജിസ്ട്രാര്‍ക്കും റിസര്‍ച്ച് ഡയറക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു.


























