തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ എസ് ഐയ്ക്ക് സസ്പെൻഷൻ.
പേരൂർക്കട എസ് ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നതിൽ വിശദമായ അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനുള്ളിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുകയെന്നാണ് വിവരം.
അതെ സമയം കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി, അസി. കമ്മീഷണർ റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

























