സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി ഒരു മാസം പൂർത്തിയാക്കുമ്പോൾ, പദ്ധതിയുടെ ഗുണഭോക്താക്കളായത് 1.6 കോടി വനിതകൾ. കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്നലെ വരെ ഇത്രയും വനിതകൾ സൗജന്യയാത്രയുടെ ഭാഗമായി. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.
പദ്ധതി നടപ്പിലാക്കിയതിലൂടെ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിൽ 72 കോടി രൂപയുടെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
അതെ സമയം പ്രിയദർശിനി’ പദ്ധതി ഒരു മാസം പിന്നിടുംമ്പോൾ സർക്കാറിന് പൂർണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്ത് ഏറ്റെടുത്തിട്ടില്ല.പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു. പൊതുജനങ്ങൾ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, പ്രിയദർശിനി പദ്ധതി നിലവിൽ മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

























