എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഹോങ് കോങ്ങിനോട് തോറ്റതിന് പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനെ (എഐഎഫ്എഫ്) വിമര്‍ശിച്ച് ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. ഇന്ത്യൻ ഫുട്‍ബോളിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം എഐഎഫ്എഫ് ആണെന്ന് പറഞ്ഞ ബൂട്ടിയ ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയോട് സ്ഥാനമൊഴിയാനും ആവശ്യപ്പെട്ടു.
2023 ജൂലായില്‍ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 99-ാം സ്ഥാനത്തെത്തിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവ നേടി മികച്ച ഒരു വര്‍ഷമായിരുന്നു ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അത്. എന്നാല്‍ പിന്നീട് വന്ന 2024 ൽ ഒരു മത്സരം പോലും ജയിക്കാനായില്ല. 2025 ൽ മാലദ്വീപിനെതിരേ 3-0ന് വിജയിച്ചുതുടങ്ങിയെങ്കിലും വീണ്ടും പിറകോട്ട് പോയി. നിലവിൽ 127-ാം സ്ഥാനത്താണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യ.
നേരത്തെ കളിക്കാര്‍ക്ക് ദിവസ അലവന്‍സായ 2,500 രൂപ പോലും ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഹോങ് കോങ്ങിനോട് ജയിച്ചാൽ 50,000 ഡോളര്‍ സമ്മാനമെന്ന പ്രഖ്യാപനവും ഇതിന് പിന്നാലെ എഐഎഫ്എഫ് നടത്തി. ഇതിനെയും ബൂട്ടിയ വിമർശിച്ചു.
ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ക്രിക്കറ്റ് കളിക്കാരെപ്പോലെ സെന്‍ട്രല്‍ കരാറുകളില്ല. അവര്‍ ലക്ഷങ്ങളോ കോടികളോ സമ്പാദിക്കുന്നില്ല. അവരുടെ പ്രതിഫലം പ്രധാനമായും ദിവസ അലവന്‍സിലൂടെയാണ്. അപ്പോഴാണ് അത് നൽകാതെ പെട്ടെന്ന് കളി ജയിച്ചിരുന്നെങ്കില്‍ 50,000 ഡോളര്‍ സമ്മാനമെന്ന പ്രഖ്യാപനം വന്നത്. എവിടെ നിന്ന് അത് വന്നു. ഇനി അവര്‍ ജയിച്ചിരുന്നെങ്കില്‍ അടുത്ത നാല് മത്സരങ്ങള്‍ക്കും അതേ ബോണസ് നല്‍കുമായിരുന്നോ? ഇവിടെ കൃത്യമായ ഒരു സംവിധാനമോ തന്ത്രങ്ങളോ ഇല്ല. ഉള്ളതാകട്ടെ ഏകാധിപത്യ തീരുമാനങ്ങള്‍ മാത്രവും, ബൂട്ടിയ കൂട്ടിച്ചേർത്തു.
