തിരുവനന്തപുരം: കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 24 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്. 2.72 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ സമഗ്രവോട്ടർപട്ടിക പുതുക്കൽ അഥവാ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) കരട് പട്ടിക ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രസിദ്ധീകരിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന എന്യൂമറേഷൻ ഫോം സമർപ്പിക്കൽ നടപടികൾക്കൊടുവിൽ ബി.എൽ.ഒ മാർ വഴി സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ആർ കരട് വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് വഴിയും പ്രിന്റഡ് കോപ്പികൾ വഴിയും പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തെ വോട്ടർമാർ പട്ടിക പരിശോധിച്ച് തങ്ങളുടെ പേര് ഉണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആകെ 2,54,42,352 (2.54കോടി) വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 24.08 ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായി. മരിച്ചവര്‍ (6,49,885), കണ്ടെത്താനാകാത്തവർ (6,45,548), സ്ഥലം മാറിയവര്‍ (8,21,622), ഒന്നിലേറെ തവണ പേരുള്ളവർ (136,029) എന്നിങ്ങനെയാണ് പട്ടികയിൽ നിന്ന് പുറത്താവയരുടെ സ്ഥിതി വിവര കണക്കുകൾ.
എങ്ങനെ പരിശോധിക്കാം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാവുന്നതാണ്.
https://voters.eci.gov.in/download-eroll?stateCode=S11
- -എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധന നടത്താം. ജില്ല, അസംബ്ലി എന്നിവ നൽകിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്ത് ലിസ്റ്റ് തെരഞ്ഞെടുത്ത ശേഷം കാപ്ച നൽകി ഡൗൺലോഡ് ചെയ്യാം.
‘വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. ഒരു മാസം പരാതി നല്‍കാം. പുതുതായി പേര് ചേര്‍ക്കാനും തിരുത്തലുകള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ട്.’ പുറത്തുവിട്ട കരട് പട്ടികയിലെ പേര് എല്ലാവരും പരിശോധിക്കണമെന്നും വോട്ടര്‍മാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
‘ഡിജിറ്റൈസിങ് ചെയ്തതില്‍ 93ശതമാനം മാപ്പിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാപ്പിങ് ജോലികള്‍ ഇപ്പോഴും പൂര്‍ത്തിയായി വരുന്നു. നഗരപ്രദേശങ്ങളിലാണ് മാപ്പിങ് പ്രവര്‍ത്തനം പിന്നോട്ട് പോയത്. ഓരോ വോട്ടര്‍മാരെയും പ്രത്യേകമായിരിക്കും ഹിയറിങിന് വിളിക്കുക. അവര്‍ക്ക് നല്‍കുന്ന നോട്ടീസില്‍ ഹിയറിങിന് വേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഫോം തിരികെ തന്ന മുഴുവന്‍ പേരും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാപ്പിങ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഹിയറിങിന് നോട്ടീസ് നല്‍കുക’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

























