തിരുവനന്തപുരം | 10, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമായ തൊണ്ടിമുതൽ കണ്ടെത്താനാകാതെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നു. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം തിരിച്ചുകിട്ടില്ലെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT). തൊണ്ടിമുതലിനായി കാത്തിരിക്കുന്നത് നിയമപരമായ തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന്, തുടരന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള കുറ്റപത്രമാകും കോടതിയിൽ നൽകുക.
ശബരിമലയിലെ ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പാളികളിൽ നിന്നും ഒന്നര കിലോയോളം സ്വർണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. എന്നാൽ ശാസ്ത്രീയമായി ഇതിന്റെ അളവ് ഇനിയും പൂർണ്ണമായി സ്ഥിരീകരിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. പ്രതികൾ നൽകിയ സ്വർണ്ണം ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. യഥാർത്ഥ തൊണ്ടിമുതലിനെക്കുറിച്ച് പ്രതികൾ കൃത്യമായ വിവരങ്ങൾ നൽകാത്തതാണ് പോലീസിനെ കുഴപ്പിക്കുന്നത്.
അതിനിടെ, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടൻ ജയറാമിന് നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നേരത്തെ ജയറാമിനെ ചോദ്യം ചെയ്ത എസ്‌ഐടി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി വിശദമായി അന്വേഷിക്കും.

























