ടി-20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്നും പിന്മാറി പാകിസ്താൻ . ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ആണ് പാകിസ്താൻ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചത്.
ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തില്‍ പാക് പട ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് നേരത്തെ പിസിബിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.
തങ്ങള്‍ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളില്‍ ഐസിസി ഉറപ്പ് നല്‍കിയതായി പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ അവര്‍ക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഇത് തള്ളിയെങ്കിലും, അടുത്ത അണ്ടര്‍-19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കുന്ന കാര്യം ഐസിസി പരിഗണിക്കും.2028നും 2031നും ഇടയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തില്‍ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍.

























