പാലക്കാട് | 16, ഫെബ്രുവരി | 2026
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും മുൻ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയിൽ മത്സരിക്കാനൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ നാളെ പാലക്കാട് എത്തുമ്പോൾ സുരേഷ് യാത്രയിൽ പങ്കുചേരും. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വവുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 13 വർഷമായെന്നും തിരിച്ചെടുക്കാനായി നൽകിയ അപ്പീലുകൾക്ക് മറുപടി പോലും നൽകാതെ തന്നെ അപമാനിക്കുകയാണെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഇപ്പോഴും ഇടതുപക്ഷ നിലപാടുള്ള ആളാണെങ്കിലും സിപിഐഎമ്മിന്റെ നിലവിലെ നയങ്ങളിൽ കടുത്ത വിയോജിപ്പുണ്ട്. “വി.എസ്. അച്യുതാനന്ദൻ ഒരു തിരുത്തൽ ശക്തിയായിരുന്നതുകൊണ്ടാണ് പാർട്ടി കേരളത്തിൽ ഇത്രയും വളർന്നത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ പാർട്ടിയും സർക്കാരും ഈ രീതിയിൽ അധഃപതിക്കില്ലായിരുന്നു,” സുരേഷ് വ്യക്തമാക്കി.
തന്റെ പ്രദേശത്തെ ബ്രാഞ്ച് കമ്മിറ്റി തിരിച്ചെടുക്കാൻ ആഗ്രഹിച്ചിട്ടും ഉപരിസമിതികൾ അത് തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിക്ക് മൂല്യച്യുതി സംഭവിച്ചാൽ കൂടെ ജനമുണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 2013-ൽ വാർത്തകൾ ചോർത്തി എന്നാരോപിച്ചാണ് സുരേഷിനെ പുറത്താക്കിയത്. ചെങ്കൊടി പുതച്ച് മരിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാൽ അവഗണനകൾ സഹിക്കാവുന്നതിലപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പിന്തുണയോടെയുള്ള മത്സരത്തിൽ മാനസികമായ വിഷമമുണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ ഇതിലേക്ക് എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

























