ഗൾഫ് മേഖലയിൽ പരീക്ഷകൾക്ക് മാറ്റം; മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7 മുതൽ.
തിരുവനന്തപുരം | 03, മാർച്ച് | 2026
ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച (മാർച്ച് 5) തുടക്കമാകും. മാർച്ച് 30-നാണ് പരീക്ഷകൾ അവസാനിക്കുക. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ലക്ഷദ്വീപിൽ 386 കുട്ടികളും ഗൾഫ് മേഖലയിൽ 633 കുട്ടികളും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി പരീക്ഷാ ഷെഡ്യൂൾ…
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 27-ന് അവസാനിക്കും. രണ്ടാം വർഷ പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങി 28-ന് പൂർത്തിയാകും. ഒന്നാം വർഷത്തിൽ 4,11,025 വിദ്യാർത്ഥികളും രണ്ടാം വർഷത്തിൽ 4,52,437 വിദ്യാർത്ഥികളുമാണ് പരീക്ഷാ ഹാളിലെത്തുന്നത്. പ്ലസ് ടു ഫലം മെയ് 22-ന് പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും…
പരീക്ഷാ നടത്തിപ്പിനായി 26,000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 7-ന് ആരംഭിക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 28-ഓടെ പൂർത്തിയാകും. മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണ്ണയത്തിനുള്ള എക്സാമിനർമാരുടെ നിയമന ഉത്തരവ് അടുത്ത ആഴ്ചയോടെ ലഭ്യമാകും.

























