തദ്ദേശത്തിനുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാളിയെന്ന ആശങ്കയിൽ ബി.ജെ.പി. 12 മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാനഘടകം ഇപ്പോൾ വിജയക്കണക്കിൽ പിന്നോട്ടുപോകുകയാണ്.
വിജയിക്കാമെന്ന് ഇപ്പോൾ പ്രതീക്ഷയുള്ള മണ്ഡലങ്ങൾ നേമവും കഴക്കൂട്ടവുമാണ്. മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിലെ സാധ്യത തള്ളുന്നുമില്ല. നേമത്തും കഴക്കൂട്ടത്തും പാർട്ടിസ്ഥാനാർഥികളെ തോൽപ്പിക്കാൻ അടിയൊഴുക്കുണ്ടായെന്നും ബി.ജെ.പി. പറയുന്നു. ഈ അടിയൊഴുക്കിന്റെ ആഴമാണ് രണ്ടിടത്തെയും വിജയം നിശ്ചയിക്കുക.
രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന നേമത്ത് എസ്.ഡി.പി.ഐ.യുടേതടക്കം മുസ്‌ലിം വോട്ടുകൾ യു.ഡി.എഫിനും എൽ.ഡി.എഫിനുമായി വിഭജിച്ചുപോയിട്ടുണ്ട്. നാടാർ സമുദായത്തിന്റെ വോട്ട് യു.ഡി.എഫിനും നായർവോട്ട് ബി.ജെ.പി.ക്കും കിട്ടിയെന്നാണ് ബി.ജെ.പി. വിലയിരുത്തൽ. നേമത്ത് വിജയത്തിന് അടുത്തെത്താനുള്ള അടിസ്ഥാനവോട്ടുണ്ടെന്നതും കഴക്കൂട്ടത്ത് വി. മുരളീധരൻ വർഷങ്ങളായി മണ്ഡലത്തിൽത്തന്നെ വലിയ സാന്നിധ്യമാണെന്നതുമാണ് ബി.ജെ.പി.യുടെ പ്രതീക്ഷയേറ്റാൻ കാരണം.

























