മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിന് സാധ്യത.
ഇന്ത്യ ജേതാക്കളായ ട്വന്റി 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറിയതോടെ ബാറ്റിംഗിലും തകര്‍പ്പന്‍ ഫോമില്‍. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറി സഹിതം 300+ റണ്‍സും സഞ്ജു സാംസണ്‍ സ്‌കോര്‍ ചെയ്ത് കഴിഞ്ഞു.
ഇപ്പോഴിതാ ദേശീയ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദിന ടീമിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് കണക്കിലെടുത്ത് സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിക്കാനാണ് മുഖ്യ പരിശീലകനന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ആലോചിക്കുന്നത്. നിലവില്‍ കെ.എല്‍ രാഹുലാണ് ഏകദിന ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍, റിഷഭ് പന്ത് ആണ് സെക്കന്റ് വിക്കറ്റ് കീപ്പര്‍. മോശം ഫോമിലുള്ള പന്തിന് പകരം സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ആലോചന.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി ടീമിനെ വാര്‍ത്തെടുക്കാനുള്ള തിരക്കിലാണ് ബിസിസിഐ. നിലവില്‍ കെ.എല്‍. രാഹുല്‍ ഒന്നാം നമ്പര്‍ കീപ്പറായി തുടരുന്നുണ്ടെങ്കിലും ബാക്കപ്പ് റോളിലേക്ക് ആര് വേണമെന്നത് പ്രധാനമാണ്. ജൂണില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയും ഫോമും പരിഗണിച്ച് പന്തിനേക്കാള്‍ മുന്‍തൂക്കം സഞ്ജു സാംസണ് തന്നെയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

























