തിരീവനന്തപുരം: സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരത്ത് സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ നിർത്തിയെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബം മുഴുവൻ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാൻ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.
സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി. ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജി.ഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു.

























