കൊളംബോ | 15, ഫെബ്രുവരി | 2026
ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്ക് തുടങ്ങും. കളിക്കളത്തിലേതുപോലെ തന്നെ പുറത്തെ തർക്കങ്ങളാലും വീറും വാശിയും ഇരട്ടിയാകുമ്പോൾ, ഇന്ത്യ- പാക് പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിനാണ് പ്രേമദാസ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
മത്സരത്തിന് മുന്നോടിയായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ശ്രീലങ്കൻ പൊലീസ് ശനിയാഴ്ച അറിയിച്ചു.ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാൻ കളി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, ആഴ്ചകൾ നീണ്ട അനിശ്ചിതത്വമായിരുന്നു നിലനിന്നിരുന്നത്. തുടർന്ന് ഐസിസി ഇടപെട്ട ശേഷമാണ് മത്സരം നടക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമായി നിരന്തര ചര്‍ച്ചകള്‍ നടന്നു.
ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാക് ചരിത്രം പരിശോധിച്ചാൽ മുൻതൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്.
2007-ലെ പ്രഥമ ലോകകപ്പ് ഫൈനൽ ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ, 2021-ൽ ദുബായിൽ നടന്ന മത്സരത്തിൽ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. പനി ഭേദമായി യുവതാരം അഭിഷേക് ശർമ ഇന്ന് ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്തേകും.
ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ നിയന്ത്രിക്കുക എന്നത് പാക് ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. മറുഭാഗത്ത് ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും നയിക്കുന്ന ശക്തമായ ഇന്ത്യൻ ബൗളിംഗിനെ നേരിടാൻ പോന്ന ബാറ്റിംഗ് കരുത്ത് നിലവിൽ പാകിസ്ഥാനില്ല. സ്പിന്നിനെ തുണയ്ക്കുന്ന പ്രേമദാസയിലെ പിച്ചിൽ ടോസ് വളരെ നിർണായകമാകും. ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം രാത്രി ഏഴ് മണിക്കാണ്.
അസുഖം മാറിയ അഭിഷേക് ശർമ ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്തും. അങ്ങനെയെങ്കിൽ മലയാളിതാരം സഞ്ജു സാംസൺ പുറത്താകും.

























