തൃശൂർ: റാപ്പർ വേടൻ വിവാഹിതനാകുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24ന് ചൊവ്വാഴ്ച തൃശൂരിൽ വെച്ചാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ അറിയിച്ചു.
നവമി ലതയുമായി വേടൻ ഏറെ നാളായി പ്രണയത്തിലാണ്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം.വി ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം.വി ഗോവിന്ദൻ മാസ്റ്റര്‍ പങ്കുവെച്ചത്.

























