വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം തുടരവേ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുകിൽ ഉടൻ കരാറിലെത്തുക, അല്ലെങ്കിൽ തകർച്ച നേരിടാൻ തയ്യാറാവുക എന്ന സന്ദേശമാണ് ട്രംപ് നൽകിയിരിക്കുന്നത്. പാകിസ്താൻ മുഖേന ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ തള്ളിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ തനിക്ക് സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഇറാൻ ഒരു കരാർ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ നിലവിലെ നിർദേശങ്ങളിൽ ഞാൻ തൃപ്തനല്ല. അവിടെ ഭരണനേതൃത്വത്തിൽ വലിയ ഭിന്നതകളും ആശയക്കുഴപ്പങ്ങളുമാണ്. കൂടുതൽ മെച്ചപ്പെട്ട പുതിയ നിർദേശങ്ങൾ അവർ സമർപ്പിക്കട്ടെ, ചർച്ചകൾ തുടരട്ടെ” എന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ് – ഇസ്രായേൽ സംയുക്ത ആക്രമണം 60 ദിവസം പിന്നിടുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായത്. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രസിഡന്റിന് സൈനിക നടപടിയുമായി മുന്നോട്ടുപോകാനുള്ള 60 ദിവസത്തെ നിയമപരമായ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രംപ് സ്വീകരിക്കുന്ന കർക്കശ നിലപാട് പശ്ചിമേഷ്യയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ആണവശേഖരം സംബന്ധിച്ച തർക്കങ്ങൾ നേരത്തെയും സമാധാന ചർച്ചകൾക്ക് തടസ്സമായിരുന്നു.
ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്.
അതെ സമയം വെടിനിറുത്തലിന് നേരത്തെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെ പുതുക്കിയ നിർദ്ദേശങ്ങൾ കൈമാറി ഇറാൻ. പാകിസ്ഥാൻ മുഖാന്തിരമാണ് റിപ്പോർട്ട് അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

























