തൃശൂർ: തൃശൂർ എടിഎം കവർച്ചയിൽ പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് അഞ്ചംഗ സംഘത്തെ പൊലീസ് അതിസാഹസികമായി പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പ്രതികൾ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോഗസ്ഥന് കുത്തേറ്റു.
പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ച. മണ്ണുത്തിക്കടുത്ത് വെച്ചാണ് കാർ കണ്ടെയ്നറിൽ കയറ്റിയതെന്നാണ് നിഗമനം. നാമക്കല്ലിൽ വെച്ച് സംഘം സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കിൽ ഇടിച്ചിരുന്നു. ഇതേച്ചൊല്ലി നാട്ടുകാരുമായി തർക്കമുണ്ടാവുകയും വണ്ടി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാൾ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം കൊള്ളയടിച്ചത്. മൂന്നു എ.ടി.എമ്മുകളിൽനിന്നായി 65 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെള്ള കാറിലാണ് ഇവരെത്തിയത് എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. മുഖംമൂടി ധരിച്ച സംഘം ക്യാമറകൾ നശിപ്പിച്ചിരുന്നില്ല.
കൃത്യമായ മുന്നൊരുക്കത്തോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതികളെ കുറിച്ച് തമിഴ്നാട് പൊലീസിന് കൃത്യമായ വിവരം നൽകിയതാണ് വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. നിലവിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ.