തിരുവനന്തപുരം | 25, ഫെബ്രുവരി | 2026
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിനായാണ് അദ്ദേഹം എത്തുന്നത്. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനം. രണ്ടാം ഘട്ടത്തിനായി മാർച്ച് ആറ്, ഏഴ് തീയതികളിൽ അദ്ദേഹം വീണ്ടും സംസ്ഥാനത്തെത്തും.
ഇന്ന് എത്തുന്ന രാഹുൽ ഗാന്ധി നാളെ (ഫെബ്രുവരി 26) കണ്ണൂരിൽ കർഷകരുമായി നേരിട്ട് സംവദിക്കും. വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന 50 ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മവും ഇതോടൊപ്പം നടക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുമായി വ്യാപാരികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ധനസഹായ വിതരണവും സന്ദർശനത്തിന്റെ ഭാഗമാണ്.
യുഡിഎഫ് കക്ഷിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകൾക്ക് വേഗത കൂട്ടും.
മാർച്ച് ആറിന് എത്തുന്ന രണ്ടാം ഘട്ട സന്ദർശനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തുടർന്ന് കൊല്ലത്ത് ശിവഗിരി മഠം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലും അദ്ദേഹം അതിഥിയായെത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ് രാഹുലിന്റെ ഈ സന്ദർശനം.

























