കൊൽക്കത്ത | 03, മാർച്ച് | 2026
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നുഴഞ്ഞുകയറ്റ വിഷയം വീണ്ടും ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ബംഗാളിൽ ബിജെപിയുടെ ‘പരിവർത്തൻ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) വഴി നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളതെന്ന് അമിത് ഷാ വ്യക്തമാക്കി. “ബംഗാളിലുള്ള ഹിന്ദുക്കളായ ഒറ്റ അഭയാർത്ഥിക്ക് പോലും പൗരത്വം നഷ്ടപ്പെടില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു. എന്നാൽ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് തുടരാൻ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. മമത ബാനർജി സർക്കാർ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാ ആരോപിച്ചു.
എസ്.ഐ.ആർ പട്ടികയും പ്രതിഷേധവും:
ബംഗാളിൽ നടന്ന വോട്ടർപട്ടിക പരിഷ്കരണത്തിൽ (SIR) 63.66 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിനുപുറമെ 60.06 ലക്ഷം പേരെ സംശയപട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അസമിൽ നടപ്പിലാക്കിയ എൻ.ആർ.സി മാതൃകയിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ്…
അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബി.എസ്.എഫ് ആണെന്നിരിക്കെ, നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് മമത അനുകൂലികൾ വാദിക്കുന്നു. വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് സാധാരണക്കാരെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു.

























