ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം മെയ് 21 ന് തിയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒരു അപ്രതീക്ഷിത തടസം നേരിടുകയാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഇത്. ദൃശ്യം 3 ന്റെ ഒടിടി കരാറില്‍ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുന്നത് താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനെതിരെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ നല്കിയ ഹര്‍ജിയിലാണ് നടപടി.
കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് ആറ് ദിവസം മുന്‍പ് വരെ. ഇത് നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്. ദൃശ്യം 3 ന്റെ ഡിജിറ്റല്‍ റൈറ്റ്സില് അവകാശവാദം ഉന്നയിച്ച് ആമസോണ്‍ പ്രൈം വീഡിയോ നേരത്തേ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ മാസം ആദ്യം പങ്കുവച്ച പ്രസ്താവനയില്‍ ദൃശ്യം 3 ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ക്കാണെന്ന് പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളില്‍ ഏര്‍പ്പെടുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ സ്വന്തമാക്കിയതെന്നും ഇതിലൂടെ ഈ റൈറ്റ്സ് വില്‍ക്കാനുള്ള അവകാശം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രൈം വീഡിയോ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

























