ആദിവാസി നേതാവ് സി കെ ജാനുവിന്റെ ജെ ആര് പിയ്ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ജെ ആര് പിയെ അറിയിച്ചു. മാനനന്തവാടി സീറ്റിനായി നീക്കം ശക്തമാക്കിയ ജാനുവിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ബി ജെ പിക്കൊപ്പമായിരുന്നു സി കെ ജാനു. എന്‍ ഡി എയുടെ ഘടകകക്ഷിയെന്ന നിലയില്‍ പരിഗണന ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ആറ് മാസം മുന്‍പ് സി കെ ജാനുവിന്റെ ജെ ആര് പി, എന്‍ ഡി എ വിട്ടത്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യു ഡി എഫിന്റെ അസോസിയേറ്റ് അംഗമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ അസോസിയേറ്റ് അംഗമായി പ്രഖ്യാപിച്ചതും ഇതേ ദിവസമാണ്. പി വി അന്‍വര്‍ നേരത്തെതന്നെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും യു ഡി എഫിന്റെ തീരുമാനം വരുന്നതിന് മുന്‍പുതന്നെ ബേപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരഭിക്കുകയും ചെയ്തു. എന്നാല്‍ സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് സീറ്റുനല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.
രാജ്യത്തുതന്നെ ഏറെ അറിയപ്പെടുന്ന ആദിവാസി നേതാവായ സി കെ ജാനുവിനെ യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് വന്‍ കൈയ്യടിയാണ് ലഭിച്ചത്.
സി.കെ ജാനു സംസ്ഥാന അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി രണ്ട് സീറ്റുകളാണ് നേരത്തേ ചോദിച്ചിരുന്നത്. കോഴിക്കോട് ബാലുശേരിയിലും വയനാട്ടിലെ മാനനന്തവാടിയിലും. രണ്ട് സീറ്റ് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ സി.കെ ജാനുവിന് മത്സരിക്കാൻ മാനന്തവാടിയിൽ സീറ്റ് എന്നതിലേയ്ക്ക് എത്തി. അതും നിഷേധിക്കുന്ന നടപടിയാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.
യുഡിഎഫിന് ഭരണംകിട്ടികഴിയുമ്പോൾ കോർപറേഷൻ അധ്യക്ഷസ്ഥാനമാണ് വി.ഡി സതീശൻ്റെ ഓഫർ.ഇത് അവഹേളനമാണെന്ന നിലപാടിലാണ് സി.കെ ജാനു. ഇതോടെയാണ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും കത്തയച്ചിട്ടുണ്ട്

























