എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി ജൂൺ 16 വരെ സമയം നീട്ടിനൽകി.
ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജൂൺ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂൺ ഒമ്പതിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചത്. കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമ്മീഷൻ വീണ്ടും സ്ഥലത്തെത്താനിരിക്കെയാണ് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പ്രദേശവാസികളുമായി സമവായ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.


























