പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുൻപായി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനിരിക്കുകയാണ് ചേലക്കര പൊലീസ്. ഇന്ന് 12.30ന് സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അനൂപിന്റെ മൊഴി രേഖപ്പെടുത്തും.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസെടുത്ത് മുമ്പോട്ട് പോകുക.
നേരത്തെ തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2024 ഏപ്രിൽ 20ന് പുലർച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ ആംബുലൻസിൽ എത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള സേവാഭാരതിയുടെ ആംബുലൻസിലാണ് പൊലീസ് നിയന്ത്രണം ലംഘിച്ചുകൊണ്ട് വന്നതെന്നും എഫ്ഐആറിലുണ്ട്.